The Land of the Fairy Chimneys

ഫെയറി ചിമ്മിനികളുടെ നാട്ടിലേക്ക്…

Dr. തനൂജ. എസ്

തുർക്കിയിലേക്കൊരു യാത്ര ഒരു വർഷമായി അത് സ്വപ്നം കാണുക. ഭക്ഷണവും താമസവും ഉൾപ്പെടെ എല്ലാം രണ്ടുമാസം മുൻപേ ക്രമീകരിച്ചുകഴിഞ്ഞു. മെയ്‌ 16ന് കൊച്ചിയിൽനിന്നും യാത്ര തിരിക്കണം. ഭർത്താവിനൊപ്പം പഠിച്ചവരും കൂട്ടുകാരുമായി 34 പേർ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് മെയ് 17 ന് ഇസ്‌താംബുളിൽ ഒത്തുചേരും.

            അതിനിടയിലാണ് ഇന്ത്യയും പാകിസ്ഥാനുംതമ്മിലുള്ള പ്രശ്നങ്ങളും പാകിസ്ഥാനെ സഹായിക്കാൻ തുർക്കി തുനിഞ്ഞിറങ്ങിയതും. വീട്ടുകാരും സുഹൃത്തുക്കളും പേടിപ്പിച്ചുതുടങ്ങി. പോകാൻ പാടില്ല.  നിങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തും. മാത്രമല്ല അവിടെച്ചെല്ലുമ്പോള്‍ അവർ ആക്രമിച്ചാലോ?  യാത്ര വേണ്ടെന്നു വച്ചാലോ എന്ന് എനിക്കും തോന്നി. പക്ഷേ കഷ്ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങൾ. അന്വേഷിച്ചപ്പോൾ ഒരു ചില്ലിക്കാശും തിരിച്ചു കിട്ടില്ല എന്ന് മറുപടി. 34 പേര് യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന വലിയൊരു തുക ആ രാജ്യത്തിന്,  നമുക്കെതിരെ ആയുധമുണ്ടാക്കാൻ കൊടുക്കണോ? എന്ന ചിന്ത. സത്യം പറയാമല്ലോ തലേദിവസംവരെയും ഇരുമനസ്സായിരുന്നു. ഇന്ത്യക്കെതിരെ നിന്നയിടത്തേക്കു പോകണമോ എന്ന്. എല്ലാവരും പാക്ക് ചെയ്തോ? എന്ന് ചോദിക്കുമ്പോൾ കൈമലർത്തുകയായിരുന്നു. പോയില്ലെങ്കിൽ അതും അവർക്കല്ലേ ലാഭം എന്ന ചിന്ത മനസ്സു മാറ്റി.

        അങ്ങനെ കുവൈറ്റ് എയർലൈൻസിൽ തുർക്കിയിലേക്ക്. മറക്കാനാവാത്ത 10 ദിവസം. കണ്ണും കാതും മനസ്സും കുളിർപ്പിക്കുന്ന കാഴ്ചകൾ… അനുഭവങ്ങൾ… പുതിയ ചില കൂട്ടുകാർ, സഹായസന്നദ്ധർ, സ്ഥലം കാണുന്നതിനൊപ്പം പലരുടെയും സർഗശേഷി തിരിച്ചറിയാൻ കഴിഞ്ഞ ബസ്സുയാത്രകൾ… രുചികരമായ ടർക്കിഷ് വിഭവങ്ങൾ… എന്തിനും സഹായഹസ്തവുമായിനിന്ന ഞങ്ങളുടെ ഗൈഡ്… ഇതിനെല്ലാം കാരണക്കാരായ സംഘാടകർ, പ്രത്യേകിച്ചും ജയപ്രകാശ്.

ഇസ്താംബുള്‍ കാഴ്ചകള്‍

          ഏഷ്യ, യൂറോപ്പ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏക രാജ്യമാണ് തുർക്കി. അതിന്‍റെ തലസ്ഥാനമായ ഇസ്താംബുൾ കാണുകയായിരുന്നു ആദ്യലക്ഷ്യം. ബോസ്ഫറസ് കടലിടുക്കിന്‍റെ ഇരുഭാഗത്തുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

വാസ്തുവിദ്യാവൈഭവങ്ങൾകൊണ്ട് പ്രശസ്തിയാർജിച്ച ഹാജിയാ സോഫിയ മോസ്കിലേക്കാണ് ആദ്യം പോയതെങ്കിലും ഉള്ളിലേക്ക് കയറാൻ ആയില്ല. കാരണം ആ ദിവസം അവിടെ ദേശീയ അവധിദിനം ആയിരുന്നു. അതുകൊണ്ടാകാം അതിനുള്ളിൽ കയറണമെങ്കിൽ ഒരു മൂന്നു മണിക്കൂറെങ്കിലും ക്യൂവിൽ നിൽക്കണം. മാത്രമല്ല ഇന്ന് വിശ്വാസികൾക്കാണ് അവിടെ പ്രാധാന്യം. അതിനാൽ ടൂറിസ്റ്റുകൾക്ക് ധാരാളം നിയന്ത്രണങ്ങളുണ്ട്.

          അതിന് തൊട്ടടുത്തുതന്നെയുള്ള ക്ലാസിക്കൽ ഒട്ടോമൻ വാസ്തുവിദ്യയിൽ നിർമ്മിച്ചിട്ടുള്ള ബ്ലൂ മോസ്ക് ആയിരുന്നു മറ്റൊരാകർഷണം. രൂപത്തിൽ സാമ്യമുണ്ടെങ്കിലും ഹാജിയാസോഫിയയോട് കിടപിടിക്കുന്ന വാസ്തുവിദ്യയാണ് ഇവിടെയുള്ളതെന്ന് ഗൈഡ് പറഞ്ഞു. ഇസ്ലാമിക് ഒട്ടോമൻ ശൈലിയിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. വലിയ വലിയ ഗോപുരങ്ങൾതന്നെയാണ് ഇവിടത്തെയും ആകർഷണം. പേരിനെ അന്വർഥമാക്കുമാറ് നീലനിറത്തിലുള്ള ധാരാളം ടൈലുകൾ ഉപയോഗിച്ചിരിക്കുന്നു. ഇന്നും അവിടെ പ്രാർത്ഥന നടക്കുന്നുണ്ട്.

                നാല് നൂറ്റാണ്ടിലേറെ ഒട്ടോമൻസുൽത്താൻമാരുടെ ആസ്ഥാനമായിരുന്നു ടോപ്കാപ്പി പാലസ്. ഒരു രാജകീയ വസതി എന്നതിന് പുറമേ, സുൽത്താന്മാർ നടത്തുന്ന പൊതുചടങ്ങുകളുടെ വേദികൂടിയായിരുന്നു ഈ കൊട്ടാരം.

ഇന്നിത് യുനെസ്കോയുടെ ലോക പൈതൃകസ്ഥലങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ കൊട്ടാരത്തിന്‍റെ  ഓരോ ഭാഗത്തും വ്യത്യസ്തമായ നിർമ്മാണശൈലികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒട്ടോമൻകാലത്തെ വസ്ത്രങ്ങൾ, ആയുധങ്ങൾ, മറ്റു സാമഗ്രികൾ, ആഭരണങ്ങൾ, ധാരാളം വസ്തുക്കൾ ഇവയെല്ലാം  സഞ്ചാരികൾക്കായി പ്രദർശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയവും ഇവിടെയുണ്ട്.

സുന്ദരമായ ഒരു ഉദ്യാനത്തിനു നടുവിലായിട്ടാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.

       ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ വാസ്തുവിദ്യയുടെ ചാരുതയ്ക്ക് മികച്ച ഉദാഹരണമാണ് സുലൈമാനിയേ പള്ളി. സുൽത്താൻ സുലൈമാന്‍റെ  പേരിൽത്തന്നെയാണ് ഈ പള്ളി അറിയപ്പെടുന്നത്. അന്നത്തെ മികച്ച വാസ്തുശില്പികളിൽ ഒരാളായ സിനാനാണ് ഈ പള്ളി രൂപകൽപ്പന ചെയ്തത്. 3500 ഓളം പണിക്കാരാണത്രേ ഇതിന്‍റെ പണി പൂർത്തിയാക്കിയത്.

സുലൈമാന്‍റെയും ഭാര്യയുടേതുമുൾപ്പെടെ നിരവധി പ്രമുഖവ്യക്തികളുടെ ശവകുടീരങ്ങളും ഇവിടെ കാണാം. ഭൂകമ്പത്തിലും തീപിടുത്തത്തിലും പല നാശനഷ്ടങ്ങളും സംഭവിച്ചുവെങ്കിലും കേടുപാടുകൾ തീർത്ത് പഴയപടിതന്നെയാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

       തക്സിം സ്ക്വയർ, തക്സിം എന്ന അറബ് വാക്കിന്‍റെ അർത്ഥം വിഭജനം എന്നാണ്. ഇവിടെനിന്നാണ് പല ജലപാതകൾ നഗരത്തിന്‍റെ  വിവിധ ഭാഗങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. 1923 ൽ തുർക്കി റിപ്പബ്ലിക് സ്ഥാപിതമായതിന്‍റെ അഞ്ചാം വർഷത്തെ അനുസ്മരിച്ചുകൊണ്ടാണ് ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. പരേഡുകൾ,  പുതുവത്സര ആഘോഷങ്ങൾ, മറ്റ് സാമൂഹിക ഒത്തുചേരലുകൾ എന്നിവ പോലുള്ള പൊതുപരിപാടികൾക്ക് തക്‌സിം ഒരു പ്രിയപ്പെട്ട സ്ഥലമായിരുന്നു.

2016 മുതൽ നിരോധനമുണ്ട്. നിരവധി റസ്റ്റോറന്‍റുകളും ഹോട്ടലുകളുമൊക്കെയുള്ളതുകൊണ്ടുതന്നെ ജനങ്ങൾക്ക് പ്രിയപ്പെട്ട ഇടമാണിത്. ഞങ്ങളും ഉച്ചഭക്ഷണം കഴിച്ചത് ഇതിന്‍റെ പരിസരത്തുള്ള ഒരു റസ്റ്റോറന്‍റിൽനിന്നാണ്.

      ആറാം നൂറ്റാണ്ടിൽ ബൈസെന്‍റീൻ ചക്രവർത്തിയായ ജസ്റ്റീനിയൻ പണികഴിപ്പിച്ച ടവറാണ് ഗലാട്ട ടവർ.

തടവറയായും ലൈറ്റ് ഹൗസായും മറ്റും ഉപയോഗിച്ചിരുന്ന ഈ ടവർ ഇന്ന് ഒരു നിരീക്ഷണഗാലറിയായി ഉപയോഗിക്കുന്നു. മാത്രവുമല്ല പ്രാദേശികചരിത്രം വിളിച്ചോതുന്ന ഒരു ആർക്കിയോളജിക്കൽ മ്യൂസിയവും ഇവിടെയുണ്ട്.

       അവിടെനിന്ന് വീതിയുള്ള റോഡിന്‍റെ ഇരുവശവുമുള്ള കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ പോയത് ക്രൂയ്സിലേക്കാണ്. ഇസ്താംബൂളിന്‍റെ ഒരു ലഘുചരിത്രം നമുക്ക് അവിടെനിന്ന് ലഭിക്കും. കാരണം ബോട്ടിന്‍റെ ഇരുവശത്തും കാണുന്ന കെട്ടിടങ്ങളെക്കുറിച്ചെല്ലാമുള്ള ലഘുവിവരണം ബോട്ടിലെ ഗൈഡ് നമുക്ക് നൽകുന്നുണ്ട്. ഒരുകാലത്ത് ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സിൽക്ക് റൂട്ട് കടന്നുപോയത് ഈ ഭാഗത്തുകൂടിയാണ്. തണുപ്പുണ്ടെങ്കിലും രാത്രിയിലെ ഈ ബോട്ടുയാത്ര അതിമനോഹരമായ ദൃശ്യചാരുതയാണ് കാഴ്ചവച്ചത്.

        കലാപരിപാടികളും ആ ബോട്ടുയാത്രയിൽ ഒരുക്കിയിരുന്നു. ടർക്കിഷ് നൃത്തവും സൂഫി ഡാൻസും അതിൽ പ്രധാനമായിരുന്നു. എന്നാൽ കൂടെയുള്ള വിരുതന്മാരെ ആകർഷിക്കാൻ തക്കവണ്ണം ബെല്ലി ഡാൻസ് ഒരുക്കാനും അധികൃതർ മറന്നില്ല.

കുസഡാസിയിലേക്ക്     

         തുർക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിലൊന്നായ എഫെസസ്, നന്നായി സംരക്ഷിക്കപ്പെട്ട അവശിഷ്ടങ്ങൾ നിറഞ്ഞ ഒരു പുരാതന റോമൻ നഗരമാണ്. പുരാതനനഗരമായിരുന്ന എഫെസസിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. കുസഡാസി എന്ന മനോഹരമായ തുറമുഖനഗരത്തിന് സമീപമാണ് ഇത്.

1863-1874 കാലയളവിൽ ഗവേഷണത്തിനായി നിയോഗിക്കപ്പെട്ട ജോൺ ടർട്ടിൽ വുഡ് നടത്തിയ ഖനനങ്ങളുടെ പ്രാധാനലക്ഷ്യം സിയോൺ അതായത് ഏഷ്യാമൈനറിലെ ഒരു പുരാതനനഗരം കണ്ടെത്തുക എന്നതായിരുന്നു.

1869 ലെ പുതുവത്സരാഘോഷത്തിനിടയിൽ ഏകദേശം 7 മീറ്ററിൽ ക്ഷേത്രത്തിന്‍റെ  മാർബിൾ കല്ലുകൾ കണ്ടെത്തി. എന്നിരുന്നാലും  പ്രതീക്ഷിച്ച കണ്ടെത്തലുകൾ ലഭിക്കാതായപ്പോൾ, 1874-ൽ ഖനനങ്ങൾ താൽക്കാലികമായി നിറുത്തിവച്ചു. കണ്ടെത്തിയവയെല്ലാം പല രാജ്യങ്ങളിലും പ്രദർശിപ്പിച്ചു.

പിന്നെയും പല കണ്ടത്തലുകളും നടന്നു. 1910 മുതൽ കണ്ടെത്തിയതെല്ലാം രാജ്യമായ തുർക്കിയിൽതന്നെ നിലനിറുത്തി. അവ സെലുക്കിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

പുരാതനനഗരമായ എഫെസസിൽനിന്ന് 2 കിലോമീറ്റർ വടക്കുകിഴക്കായാണ് സെലുക്ക് നഗരം. 1960 കളിൽ ഒരു പുതിയ ഉത്ഖനനരൂപകൽപ്പനയോടെ പല ദീർഘകാല പദ്ധതികളും ആരംഭിച്ചു. ഈ പഠനങ്ങൾക്കു ശേഷമാണ് പല ഗവേഷണങ്ങളും സെൽസസ് ലൈബ്രറിയുടെ പുനർനിർമ്മാണവും നടന്നത്.

       21-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ,  കണ്ടെത്തിയവയുടെ സംരക്ഷണങ്ങളിലായിരുന്നു പഠനം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുരാതന കാലത്തെ വലിയ തോതിലുള്ള ഉത്ഖനനങ്ങൾക്കു പകരം, ഒരുകാലത്ത് ഒരു ഏഷ്യൻ മഹാനഗരമായിരുന്ന ഈ നഗരത്തിന്‍റെ ചരിത്ര കാലഘട്ടങ്ങളെക്കുറിച്ചുള്ള വ്യവസ്ഥാപിതഗവേഷണവും അവയുടെ പ്രസിദ്ധീകരണവുമാണ് ലക്ഷ്യമിട്ടത്. കൂടാതെ,  കണ്ടെത്തിയ സ്മാരകങ്ങളുടെ പുനരുദ്ധാരണവും സംരക്ഷണത്തിനുള്ള നടപടികളും ഈ പ്രദേശത്തെ ഇന്നു കാണുന്ന തരത്തിലുള്ള ഒരു വിനോദസഞ്ചാരമേഖലയാക്കി മാറ്റി.

       പുരാതന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നായിരുന്നു ഇവിടം. ഏഴ് പള്ളികളിൽ ഒന്നായി വെളിപാടുകളുടെ പുസ്തകത്തിലും ഇത് പരാമർശിക്കപ്പെടുന്നു. ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾമുതൽ ആദ്യകാല ക്രിസ്ത്യൻ കാലഘട്ടംവരെയുള്ള അതിന്‍റെ സമ്പന്നമായ ചരിത്രം പ്രദർശിപ്പിക്കുന്ന ഒരു ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമാണ് എഫെസസ്. കാരണം അത്രയേറെ ആൾക്കാർ ഇതു കാണാനായി എത്തുന്നുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇവിടത്തെ കല്ലുകളിലെ കൊത്തുപണി വളരെ ആകർഷണീയമായിരുന്നു.

       ഒരു പ്രമുഖ ഗ്രീക്ക് നഗരമായിരുന്നു എഫെസസ് എന്നുപറഞ്ഞുവല്ലോ. പിന്നീട് ഏഷ്യയിലെ റോമൻ പ്രവിശ്യയുടെ തലസ്ഥാനമായി. ജലസംഭരണികൾ, കുളിമുറിസമുച്ചയങ്ങൾ തുടങ്ങിയ വിപുലമായ അടിസ്ഥാനസൗകര്യങ്ങളുള്ള ഒരു റോമൻ തുറമുഖ നഗരമായി ഇത് വളർന്നു. അതിന്‍റെയെല്ലാം അവശിഷ്ടങ്ങൾ അവിടെ കാണാനായി. അപ്പോസ്തലനായ പൗലോസ് എഫെസസിൽ ഒരു ക്രിസ്ത്യൻപള്ളി സ്ഥാപിച്ചു. പുതിയനിയമത്തിലെ കത്തുകളിൽ ഒന്നായ എഫേസുകാർക്കുള്ള ലേഖനം ഈ സഭയെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ്.

       പുരാതന ലോകത്തിലെ ഏഴ് അദ്‌ഭുതങ്ങളിൽ ഒന്നായ ആർട്ടെമിസ് ക്ഷേത്രം ഇവിടെയായിരുന്നുവത്രേ. തുറമുഖത്തുണ്ടായ മണ്ണിടിച്ചിൽ, ഭൂകമ്പം എന്നിവയെല്ലാംകാരണം നഗരം തകർച്ചയ്ക്ക് വിധേയമായി.

എങ്കിലും ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന സെൽസസ് ലൈബ്രറി, ഗ്രേറ്റ് തിയേറ്റർ, സെന്‍റ് ജോൺ ബസിലിക്ക എന്നിവയുടെ അവശിഷ്ടങ്ങളെല്ലാം നന്നായി സംരക്ഷിച്ചിരിക്കുന്നു. ഇവിടവും യുനസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല ഓരോ കാലഘട്ടത്തിലും എന്തെല്ലാം  നടന്നു, പിന്നീട് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായി ഇതെല്ലാം വിശദമായി പ്രതിപാദിക്കുന്ന ബോർഡുകളും കാണാൻ കഴിഞ്ഞു. വിനോദസഞ്ചാരികൾക്ക് അപകടമുണ്ടാകാതിരിക്കാൻ പൈതൃകത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

        കന്യാമറിയം താമസിച്ചിരുന്നു എന്നു വിശ്വസിക്കുന്ന ഒരു വീട്ടിലേക്കായി ഞങ്ങൾ നടന്നു. ആ വീട് കാടിനും മലകൾക്കുമിടയ്ക്കായി ഭംഗിയായി കാത്തുസൂക്ഷിച്ചിരിക്കുന്നു. കാടുകളാലും മലകളാലും ചുറ്റപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിച്ചാൽമാത്രമേ മനസ്സിലാകൂ. കാരണം മനോഹരവും വിസ്താരമേറിയതുമായ നടപ്പാത ഇവിടേക്കുണ്ട്. വളരെ പവിത്രത അവിടെ അനുഭവപ്പെട്ടു. വീടിനോടു ചേർന്നുതന്നെ ഒരു ചാപ്പലുമുണ്ട്.

മേരിയുടെ കാലത്ത് ഉപയോഗിച്ചിരുന്ന കിണറായി ഒരെണ്ണം കാണിച്ചുതന്നു. നമ്മുടെ കിണറിന്‍റെ ആഴത്തിലേക്ക് അത് നോക്കിയപ്പോൾ ചിരിക്കാതിരിക്കാനായില്ല. വെള്ളമൊന്നുമില്ലാത്ത ചെറിയൊരു കുളം. അതുപോലെ ഒഴുകിവരുന്നത് എന്ന മട്ടിൽ ചില ഉറവകൾ കാണിച്ചു. പക്ഷേ പൈപ്പിലൂടെയാണ് വെള്ളം വരുന്നതെന്നുമാത്രം. അതോരോന്നും മനുഷ്യന്‍റെ വിശ്വാസങ്ങളുടെ ഭാഗമായിരുന്നു. അതിലെ വെള്ളം കുടിക്കുന്നത് ആരോഗ്യവും ഐശ്വര്യവും ഒക്കെ ഉണ്ടാക്കുന്നു എന്ന വിശ്വാസം. സുഖത്തിന്, സമ്പത്തിന് ഇങ്ങനെ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഉറവകൾ. അത് കണ്ടപ്പോൾ രാമേശ്വരത്തു പോയപ്പോൾ 22 കിണറിലെ വെള്ളം കോരിക്കുളിച്ചത് മനസ്സിലേക്കോടിവന്നു.

         ഒരു ചുവരു നിറയെ പേപ്പറിൽ എന്തൊക്കെയോ എഴുതിച്ചുരുട്ടി അടുക്കടുക്കായി മാലപോലെ കെട്ടിയിട്ടിട്ടുണ്ട്. വിശ്വാസികൾ അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകിട്ടുന്നതിനായി എഴുതിത്തൂക്കുന്നതാണത്രേ.

       ഒരു ജർമ്മൻ കന്യാസ്ത്രീ തന്‍റെ ദർശനങ്ങൾ അനുസരിച്ച് വീടും പർവതവും കന്യാമറിയത്തിന്‍റെ അവസാനവസതിയാണെന്ന് വിവരിച്ചതിനു ശേഷം ലാസറിസ്റ്റ് പുരോഹിതന്മാർ ഈ സ്ഥലം കണ്ടെത്തി എന്നാണ് വിശ്വാസം. ഈ ദേവാലയം കത്തോലിക്കരുടെ ഒരു തീർത്ഥാടനകേന്ദ്രമാണ്.  ലാസറിസ്റ്റ് പിതാക്കന്മാർ ഇത് പരിപാലിക്കുന്നു, എല്ലാ ദിവസവും കുർബാന അർപ്പിക്കുന്നു.

പ്രകൃതിയുടെ അദ്ഭുതം – പാമുക്കാല

         പ്രകൃതിദത്ത അത്ഭുതമായ പാമുക്കാലയിലേക്കായിരുന്നു അടുത്ത ദിവസത്തെ യാത്ര. ചരിത്രനഗരമാണവിടം.

ഏകദേശം അഞ്ച് കിലോമീറ്ററോളം നടക്കാനുണ്ട്. എന്നാലും ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. താപജലത്താൽ രൂപംകൊണ്ട വെളുത്ത കാൽസ്യം കാർബണേറ്റ് ധാതുക്കളാൽ സമ്പന്നമായ ട്രാവെർട്ടൈൻ ടെറസുകൾക്ക് പേരുകേട്ട പാമുക്കാല. പേരു സൂചിപ്പിക്കുംപോലെ പഞ്ഞിക്കൊട്ടാരം. പനോരമിക് കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ചൂടുള്ളതും ആരോഗ്യദായകവുമായ കുളങ്ങളിൽ മുങ്ങുമ്പോഴുള്ള ഊർജ്ജവും ഈ ഇടത്തെ പ്രിയപ്പെട്ടതാക്കി.

         ഇത്രയും ആയപ്പോഴേക്കും ഇനിയും മുന്നോട്ടു പോകാൻ ഗൈഡ് ബഗികൾ ഏർപ്പാടു ചെയ്തു. ആദ്യം അത് ചെന്നുനിന്നത് മരണപ്പെട്ടവരുടെ ഒരു നഗരത്തിലാണ്. വടക്കൻ തുർക്കിയിലെ  പുരാതനനഗരമായ ടിയോസിൽ ഖനനത്തിലൂടെ കണ്ടെത്തിയ ആയിരം വർഷമായി ഉപയോഗത്തിലിരുന്ന നെക്രോപോളിസ് (ശവകുടീരങ്ങൾ) നിറഞ്ഞ ഇടം. എഡി ഒന്നാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലുള്ളതാണ് മിക്ക ശവകുടീരങ്ങളും. ആധുനിക വാസസ്ഥലങ്ങൾ നിർമ്മിക്കാതെ നിലനിൽക്കുന്ന ഒരേയൊരു പുരാതന നഗരം.

        ഏകദേശം 500 മീറ്റർ നീളമുള്ള ഒരു തെരുവാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിന്‍റെ വലതുവശത്തും ഇടതുവശത്തും സാർക്കോഫാഗികൾ ഉണ്ടായിരുന്നു. അതായത്  കൊത്തുപണികളും ലിഖിതങ്ങളുംകൊണ്ട് അലങ്കരിച്ച ശവപ്പെട്ടികൾ. തുടര്‍ന്നു നടത്തിയ പഠനങ്ങളില്‍ രാജകുടുംബത്തിനു മാത്രമല്ലഉയർന്ന വരുമാനമുള്ള ആളുകള്‍ക്കുകൂടി ശവകുടീരങ്ങള്‍ ഉണ്ടായിരുന്നു എന്നുമനസ്സിലായി. വ്യത്യസ്തകുടുംബങ്ങള്‍ക്കായി അറകളായുള്ള  ശവകുടീരങ്ങൾ ചരിവുകളിലും വരമ്പുകളിലും കണ്ടെത്തിയിരുന്നു. ഈ നെക്രോപോളിസ് പ്രദേശം അതേപടി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.    

        രാജക്കാൻമാരെ അടക്കുമ്പോൾ അവരോടൊപ്പം ആയുധങ്ങളും കുതിരകളും മറ്റു വിലപിടിച്ച വസ്തുക്കളുമൊക്കെ മറവു ചെയ്യുമായിരുന്നു എന്നു പറഞ്ഞുകേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. എന്നാൽ പിന്നീടുള്ള കാര്യങ്ങൾ കേള്‍ക്കുമ്പോൾ സത്യമാണെന്ന് തോന്നും. ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് വിധേയമായിരുന്നു ഈ സ്ഥലമെന്ന് കാണുമ്പോള്‍ മനസ്സിലാകും. അതിലെ ശവക്കുഴികളിൽ ചിലത് മോഷ്ടിക്കപ്പെട്ടു. മൂന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഗോത്തുകള്‍  അധിനിവേശം നടത്തിയപ്പോൾ മരിച്ചവരോടൊപ്പം കുഴിച്ചിട്ട വിലയേറിയ വസ്തുക്കൾ അവർ സ്വയം ശേഖരിച്ചു. ഗോത്തുകൾ പോയതിനുശേഷം, ടിയോസിലെ ആളുകൾ വീണ്ടും സംഘടിച്ച് ബാക്കിയായ സാർക്കോഫാഗിയും ശവക്കുഴികളും സംരക്ഷിക്കാൻ ആരംഭിച്ചു.

        ചില ശവക്കുഴികളിൽനിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങളുടെ പഠനം ഇപ്പോഴും നടക്കുന്നുണ്ട്. മരിച്ചവരിൽ ചിലർ പരസ്പരം ബന്ധപ്പെട്ടവരാണെന്നും കുടുംബചേമ്പറുകളിൽ അടക്കം ചെയ്തിട്ടുണ്ടെന്നും പ്രാഥമിക പരിശോധനകളിൽ അവര്‍ കണ്ടെത്തി. അറയിലെ ശവകുടീരങ്ങളിലെ ലിഖിതങ്ങൾ അവ കുടുംബ ശവകുടീരങ്ങളായും ഉപയോഗിച്ചിരുന്നുവെന്നതിനു തെളിവാണ്.

      പുരാതന നഗരമായ ഹിയരാപോളിസ് ചരിത്രപരമായ ഒരു കൗതുകമാണ് നൽകുന്നത്. ഇന്ന് ഹിയരാപോളിസിലെ തിയേറ്റർ ഒരു മ്യൂസിയം തിയേറ്ററാണ്. വാസ്തുവിദ്യയുടെ ഒരു വലിയ ഓപ്പൺ എയർ പുസ്തകം. പതിനായിരത്തോളം പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ തീയേറ്ററിന്. അത് പുരാതന പ്രൗഢിയോടെ വളരെ മനോഹരമായി സംരക്ഷിച്ചുവരുന്നു.

      1988-ൽ ഹിയരാപൊളിസ്, പാമുക്കാലയെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. അതിനു സമീപത്തായി മറ്റൊരു മ്യൂസിയവും ഉണ്ട്. ഖനനം ചെയ്യുമ്പോൾ കിട്ടിയതും അന്നത്തെ കാലത്ത് ഉപയോഗിച്ചിരുന്നതുമായ ശില്പങ്ങൾ,  ഉപകരണങ്ങൾ,  ആഭരണങ്ങൾ, പാത്രങ്ങൾ,  നാണയങ്ങൾ എല്ലാം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

        ഇതിനെല്ലാം പുറമേ ഈ പരിസരം നല്ലൊരു ഹമാം കോംപ്ലക്സ് കൂടിയായിരുന്നു. ടർക്കിഷ് സ്നാനത്തിനാണ് ഹമാം എന്നു പറയുന്നത്. എപ്പോഴും ജലലഭ്യത ഇവിടെയുണ്ടായിരുന്നു.

        റോമൻ നഗരത്തിലേക്കുള്ള സ്മാരക പ്രവേശനകവാടമാണ് ‘ഇ ഫ്രോണ്ടിനസ് ഗേറ്റ്’. 14 മീറ്റർ വീതിയിൽ മൂന്ന് വാതിലുള്ള അതിമനോഹരമായ കവാടം. നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പ്രവേശനകവാടം,  വെർട്ടൻ ബ്ലോക്കുകൾകൊണ്ട് നിർമ്മിച്ചതാണ്. അതും അതിമനോഹരമായ ശില്പവേലകൾകൊണ്ട് അലങ്കൃതം. ഇവിടം മുഴുവൻ ജനവാസകേന്ദ്രമായിരുന്നുവത്രേ. അവിടെ നിറയെ ചെറിയ ചെറിയ മുറികൾപോലെ കാണപ്പെട്ടത് കച്ചവടകേന്ദ്രങ്ങളായിരുന്നു എന്ന് ഗൈഡു പറഞ്ഞു.

കണ്ണുകുളിര്‍പ്പിച്ച് അന്‍റാലിയ 

          അന്‍റാലിയയിലെ ഏറ്റവും വലിയ ആകർഷണമായിരുന്നു ഡ്യൂഡൻ  വെള്ളച്ചാട്ടം. ഇതേ പേരിൽ രണ്ട് വെള്ളച്ചാട്ടങ്ങൾ ഉണ്ടെന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്. അപ്പർ ഡൂഡൻ വെള്ളച്ചാട്ടവും ലോവർ ഡ്യൂട്ടൺ വെള്ളച്ചാട്ടവും. നമ്മൾ സാധാരണ നമ്മുടെ നാട്ടിൽ വെള്ളച്ചാട്ടം കാണുന്നത് താഴെനിന്ന് മുകളിലേക്ക് നോക്കിയാണ്. എന്നാൽ ഇവിടെ വെള്ളച്ചാട്ടം കാണണമെങ്കിൽ ഗുഹയ്ക്കുള്ളിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലണം.

അപ്പോൾ നമുക്ക് ലഭിക്കുന്നത് അതിമനോഹരമായ വെള്ളച്ചാട്ടത്തിന്‍റെ കണ്ണുകുളിർപ്പിക്കുന്ന ദൃശ്യമാണ്. ഇവിടത്തെപ്പോലെ അതിന്‍റെ ചുവട്ടിൽ പോയി കുളിക്കാൻ നമുക്ക് സാധിക്കില്ല. എന്നാൽ അടുത്തുനിന്ന് വീക്ഷിക്കാം. മരങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും ഇടയിലൂടെയുള്ള വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച ഒരിക്കലും മനസ്സിൽനിന്നു മായില്ല.

അപ്പർ ഡ്യൂഡൻ വെള്ളച്ചാട്ടം ആഴത്തിലുള്ള താഴ്‌വര മുറിച്ചുകടന്ന ഒരു നദിയാൽ രൂപപ്പെട്ടതാണ്. അവിടത്തെ പ്രകൃതിയുടെ മനോഹരമായ ദൃശ്യം നമ്മളെ അദ്‌ഭുതപ്പെടുത്തും.

        തുർക്കിയിലെ അന്‍റാലിയയിലെ മെഡിറ്ററേനിയൻ തീരത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ പഴയ പട്ടണജില്ലയാണ് കാലിചി. ചരിത്രപ്രസിദ്ധമായ നഗരമധ്യത്തിൽക്കൂടിയുള്ള നടത്തം. ഉരുളൻകല്ലുപതിച്ച ഇടുങ്ങിയതെരുവുകൾ, ചുവന്ന ടൈലുകൾ പാകിയ ഒട്ടോമൻ വീടുകൾ, ഹാഡ്രിയൻസ് ഗേറ്റ് പോലുള്ള ചരിത്രസ്മാരകങ്ങൾ. റോമൻ, ബൈസന്‍റൈൻ, സെൽജുക്, ഒട്ടോമൻ സ്വാധീനങ്ങൾ ഉൾപ്പെടെയുള്ള വാസ്തുവിദ്യാശൈലികളുടെ മിശ്രിതം എല്ലാം ഇവിടത്തെ കെട്ടിടങ്ങളിൽ കാണാം.

      അവിടെ സ്ഥിതിചെയ്യുന്ന കൊന്യാൽറ്റി ബീച്ച്, 13 കിലോമീറ്റർ നീളമുള്ള ഒരു ജനപ്രിയബീച്ചാണ്.

മെഡിറ്ററേനിയൻ കടലിലെ സ്ഫടികംപോലെ തെളിഞ്ഞ വെള്ളത്തിനും കല്ലുകളുടെയും മണലിന്‍റെയും മിശ്രിതത്തിനും പേരുകേട്ടതാണ് ഇവിടം. അന്‍റാലിയയിലെ രണ്ട് പ്രധാന നഗരബീച്ചുകളിൽ ഒന്ന്. ബെയ്‌ഡാഗ്ലാരി പർവതനിരകളുടെ മനോഹരമായ കാഴ്ചകളും നമുക്കിവിടെനിന്ന് ആസ്വദിക്കാം.

        കാലിചിതെരുവുകളിൽ സ്ഥിതിചെയ്യുന്ന കെസിക് മിനാരെ കാമി (തകർന്ന മിനാരെ പള്ളി) എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ഒരു റോമൻ ക്ഷേത്രമായിട്ടാണ് നിർമ്മിച്ചത്. ഏഴാം നൂറ്റാണ്ടിൽ, കന്യാമറിയത്തിന്‍റെ  ബഹുമാനാർത്ഥം ഇത് ഒരു ബൈസന്‍റൈൻ പള്ളിയാക്കി മാറ്റി. എന്നാൽ ഏഴാംനൂറ്റാണ്ടിൽ അറബ് ആക്രമണങ്ങളിൽ ഇതിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 9-ആം നൂറ്റാണ്ടിൽ ഇത് വീണ്ടും നന്നാക്കി. പതിമൂന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ റം സുൽത്താനേറ്റ് അന്‍റാലിയയിൽ അവരുടെ ഭരണം സ്ഥാപിക്കുകയും പള്ളി ഒരു മുസ്ലിംപള്ളിയാക്കി മാറ്റുകയും ചെയ്തു. അപ്പോളാണ് മിനാരം കൂട്ടിച്ചേർക്കപ്പെട്ടത്. 1361-ൽ, സൈപ്രസിലെ കുരിശുയുദ്ധരാജാവ് സെൽജുക്കുകളിൽനിന്ന് അന്‍റാലിയ പിടിച്ചെടുത്തപ്പോൾ അത് വീണ്ടും ഒരു ക്രിസ്ത്യൻപള്ളിയാക്കി മാറ്റിയത്രേ. പക്ഷേ ഓട്ടോമൻ സുൽത്താൻ ബയേസിദ് രണ്ടാമന്‍റെ മകൻ ഷെഹ്സാദെ കോർകുട്ടിന്‍റെ ഭരണകാലത്ത് വീണ്ടും ഒരു മുസ്ലിംപള്ളിയായി. 1896-ൽ ഉണ്ടായ ഒരു തീപിടിത്തത്തിൽ പ്രധാന കെട്ടിടം നശിച്ചു.

ഇന്ന് അവശേഷിക്കുന്ന മിനാരം കെസിക് മിനാരം എന്നാണ് അറിയപ്പെടുന്നു.

         സർവ്വശക്തനായ അല്ലാഹുവിന് (ദൈവത്തിന്) താൻ സൃഷ്ടിച്ച എല്ലാറ്റിനെയുംകുറിച്ചുള്ള കാലാതീതമായ അറിവും നിയന്ത്രണവുമുണ്ടെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. നല്ലതോ ചീത്തയോ ആയ എല്ലാ പ്രവൃത്തികളും ഈ കാരണത്താലാണ് സംഭവിക്കുന്നത്. അതിനാൽ മുസ്ലീങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നു. പരലോകത്ത് ജീവിതമുണ്ടെന്ന് ഒരു മുസ്ലീമിന് ബോധ്യമുണ്ടായിരിക്കണം. ചെയ്യുന്ന പ്രവൃത്തികൾ നന്മയുള്ളതായിരിക്കണം. മരണാനന്തര ജീവിതത്തിലും അവർ വിശ്വസിക്കുന്നുണ്ട്. ഇതെല്ലം അവിടെ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

       മുസ്ലീം വിശ്വാസികളോട് മതം 5 വിശ്വാസപ്രമാണങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. 1. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണ് എന്ന വിശ്വാസം. 2. പ്രാർത്ഥന. ദിവസേന അഞ്ച് തവണ നിർബന്ധമായും അനുഷ്ഠിക്കേണ്ട പ്രാർത്ഥനകൾ. ഇത് ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുന്നു. സൂര്യോദയത്തിന് മുൻപ്,  ഉച്ചയ്ക്ക്,  വൈകുന്നേരം, സൂര്യാസ്തമയത്തിന് ശേഷം,  രാത്രിയിൽ എന്നിങ്ങനെ നിശ്ചിതസമയങ്ങളിലാണ് നമസ്കാരം നിർവഹിക്കേണ്ടത്.  3. സക്കാത്ത്. സക്കാത്ത് എന്ന അറബിപദത്തിന്‍റെ  അർത്ഥം ശുദ്ധീകരിക്കുക എന്നാണ്. മുസ്ലീങ്ങൾ എല്ലാ വർഷവും തങ്ങളുടെ മിച്ചസമ്പത്തിന്‍റെ 2.5% ദാനധർമ്മങ്ങൾക്ക് നൽകുന്നു. ഇത് ദൈവത്തോടുള്ള അനുസരണ കാണിക്കുകയും അത്യാഗ്രഹം ഇല്ലാതാക്കുകയും ചെയ്യുന്നു. ദരിദ്രർക്കും നമ്മളെക്കാൾ ഭാഗ്യം കുറഞ്ഞവർക്കുമാണ്‌ സക്കാത്ത് നൽകുന്നത്. ദാനധർമ്മം ചെയ്യുന്നതിലൂടെ സൂക്ഷിക്കുന്ന സ്വത്തുക്കൾ ശുദ്ധീകരിക്കപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു.  4. സ്വം(ഉപവാസം). റമദാൻ മാസത്തിൽ മുസ്ലീങ്ങൾ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുകയും ആരാധനയിൽനിന്ന് വ്യതിചലിപ്പിക്കുന്ന കാര്യങ്ങളിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുന്നു. പ്രഭാതംമുതൽ പ്രദോഷംവരെ ഇത് ചെയ്യപ്പെടുന്നു. ഉപവാസം ആരോഗ്യത്തിന് ഗുണകരമാണെങ്കിലും ഇത് ഒരു ആരാധനാരീതികൂടിയാണ്. ഭാഗ്യം കുറഞ്ഞവരും അധികം ഭക്ഷണമോ വെള്ളമോ ഇല്ലാത്തവരുമായ 32 പേരെ ഓർമ്മിക്കാൻ ഇത് സഹായിക്കുന്നുവത്രേ. 5. ഹജ്ജ്. മക്കയിലെ പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനം. മക്കയിലെ പുണ്യസ്ഥലങ്ങളിൽ വിവിധ കർമ്മങ്ങൾ നിർവഹിക്കുന്നതിനുള്ള യാത്രയാണ് ഹജ്ജ്. സാമ്പത്തികശേഷിയും ശാരീരികശേഷിയുമുള്ളവർക്ക് ജീവിതത്തിൽ ഒരിക്കൽമാത്രമേ ഹജ്ജ് നിർബന്ധമുള്ളൂ. തീർത്ഥാടകർ ലളിതമായ വസ്ത്രങ്ങൾ ധരിക്കുന്നു.  അങ്ങനെ അവരെല്ലാം അല്ലാഹുവിന്‍റെ  മുൻപാകെ തുല്യരായി നിലകൊള്ളുന്നു.

         ഖുറൈഷ് ഗോത്രത്തിലെ കുലീനരായ അബ്ദുൽ മുത്തലിബിന്‍റെ  മകനായ അബ്ദുല്ലയായിരുന്നു മുഹമ്മദ് നബിയുടെ പിതാവ്. സഹ്‌റ ഗോത്രത്തിലെ വഹ്ബ് ബിൻ അബ്ദുൽ മനാഫിന്‍റെ മകളായ ആമിനയായിരുന്നു അദ്ദേഹത്തിന്‍റെ അമ്മ. പ്രവാചകൻ ജനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്‍റെ പിതാവ് മരിച്ചു. കുലീനകുടുംബങ്ങളുടെ പാരമ്പര്യം പോലെ,  അദ്ദേഹത്തെ വളർത്തിയത് ഒരു വളർത്തുമാതാവായ ഹലീമ സാദിയ്യയാണ്. പ്രവാചകന് ഏകദേശം  6 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്‍റെ അമ്മ ആമിനയും മരിച്ചു; അങ്ങനെ അദ്ദേഹം അനാഥനായി വളർന്നു. അമ്മയുടെ മരണശേഷം, മുത്തച്ഛനായ അബ്ദുൽ മുത്തലിബിന്‍റെ സംരക്ഷണയിലാണ് അദ്ദേഹം വളർന്നത്. പിന്നീട് അദ്ദേഹം മരണമടഞ്ഞപ്പോൾ,  പ്രവാചകൻ മുഹമ്മദ് നബിയെ അമ്മാവനായ അബു താലിബ് വളർത്തി. ഇടയനായി ജോലി ചെയ്തിരുന്ന അദ്ദേഹം  മറ്റ് ദേശങ്ങളിലേക്കുള്ള വ്യാപാരയാത്രകളിൽ അബു താലിബിനൊപ്പം പോയി. വളർന്നപ്പോൾ, സത്യസന്ധത, ഔദാര്യം, ആത്മാർത്ഥത എന്നിവയാൽ അദ്ദേഹം പ്രശസ്തനായി. അസ്-സാദിഖ് (സത്യസന്ധൻ), അൽ-അമീൻ (വിശ്വസ്തൻ) എന്നീ സ്ഥാനപ്പേരുകൾ നേടി. മക്കക്കാർക്കിടയിൽ തർക്കങ്ങൾ പരിഹരിക്കാനും മധ്യസ്ഥത വഹിക്കാനും അദ്ദേഹത്തെ പലപ്പോഴും വിളിച്ചിരുന്നു.

          ആ പള്ളിക്കു പുറത്തായി അള്ളായുടെ പര്യായമായ 100 പേരുകൾ എഴുതിവച്ചിട്ടുണ്ടായിരുന്നു. അത് നിത്യവും ജപിക്കുന്നത് ശ്രേയസ്കരമാണത്രേ. ഇത് കണ്ടപ്പോൾ മതങ്ങൾക്കുതമ്മിൽ എത്രമാത്രം ഐക്യമാണുള്ളതെന്ന് എനിക്ക് തോന്നിപ്പോയി.

         റോമൻ ചക്രവർത്തി ഹാഡ്രിയാന്‍റെ ബഹുമാനാർത്ഥം നിർമ്മിച്ച മൂന്ന് കമാനങ്ങളുള്ള കവാടമാണ് ഹാഡ്രിയൻസ് ഗേറ്റ്. ഹാഡ്രിയാന്‍റെ സന്ദർശനത്തെ ബഹുമാനിക്കുന്നതിനായി എ.ഡി 130-ലാണ് ഈ ഗേറ്റ് നിർമ്മിച്ചത്. നഗരത്തിന്‍റെ പ്രതിരോധമതിലായി ഈ ഗേറ്റ് മാറി. ഇന്ന് അവശേഷിക്കുന്ന ഏക പ്രവേശനകവാടമാണിത്. റോമൻ കാലഘട്ടത്തിലെ യഥാർത്ഥ നടപ്പാത ഇവിടെ കാണാം. എന്നാൽ ഇന്നത് കുറെയെല്ലാം തേഞ്ഞുപോയിരിക്കുന്നു.

       ഹാഡ്രിയാൻസ് ഗേറ്റ്ടവറിൽനിന്ന് ഏകദേശം 400 മീറ്റർമാത്രം അകലെയാണ് 1901-ൽ നിർമ്മിച്ചതും ചതുരാകൃതിയിലുള്ളതുമായ സാത്ത് കുലേസി ക്ലോക്ക് ടവർ. അബ്ദുൽഹമിദ് രണ്ടാമന്‍റെ ഭരണത്തിന്‍റെ 25-ആം  വർഷമായിരുന്നു ടവറിന്‍റെ നിർമ്മാണം. പരുക്കൻകല്ലുകൾകൊണ്ടാണ് ഈ ഗോപുരം നിർമ്മിച്ചിരിക്കുന്നത്.  നഗരത്തിന്‍റെ പഴയ മതിലുകൾ ഉൾക്കൊള്ളുന്ന ഒരു അടിത്തറയും ഇതിനുണ്ട്. രാത്രി ടവർ മനോഹരമായി പ്രകാശിക്കുമത്രേ. ഞങ്ങൾ എത്തിയത് പകലായിരുന്നു. സന്ദർശകർക്ക് ടവർ പുറത്തുനിന്നുമാത്രമേ കാണാൻ കഴിയൂ.

        അന്‍റാലിയയിൽ കണ്ട ദേശീയ ഉയർച്ചയുടെ സ്മാരകം അവിടത്തെ ജനങ്ങളുടെ സംഭാവനകളിലൂടെ നിർമ്മിച്ചതാണ്. 1964 ൽ പണിത ഈ സ്മാരകത്തിന്‍റെ ശില്പി ഹുസൈൻ ഗെസറാണ്. 6 മീറ്റർ ഉയരമുള്ള ഇതിന്‍റെ നിർമ്മാണത്തിന് 12 ടൺ വെങ്കലം ഉപയോഗിച്ചു. ഈ സ്മാരകം 1919 മെയ് 19 ന് ആരംഭിച്ച ദേശീയ വിമോചനത്തിന്‍റെ വിവിധ ഘട്ടങ്ങളെയും റിപ്പബ്ലിക്കൻ വിപ്ലവങ്ങളോടൊപ്പം ആധുനികതയിലേക്കുള്ള ഉയർച്ചയെയും വളർത്തുകുതിരയെയും യുവാക്കളെയും പ്രതിനിധീകരിക്കുന്നു. അറ്റാത്തുർക്കിന്‍റെ തത്വങ്ങളും റിപ്പബ്ലിക്കൻ വിപ്ലവങ്ങളുടെ ഉയർച്ചയും ഇന്നും തുടർന്നുപോരുന്ന തുർക്കിയുടെ ആദർശവും ഈ സ്മാരകം ഉയർത്തിക്കാട്ടുന്നു.

ചെമന്ന താഴ്വരകള്‍

          ബലൂൺ റൈഡുകൾകൊണ്ടു പ്രസിദ്ധമായ കപ്പടോക്യയിലേക്കായിരുന്നു പിന്നീടുള്ള യാത്ര.  അതും കോണ്യ വഴി. റോമൻ കാലഘട്ടത്തിൽ ഇക്കോണിയം എന്നറിയപ്പെടുന്ന കോണ്യ, നൂറ്റാണ്ടുകളായി പിന്തുടർന്നിരുന്ന ഇവിടത്തെ സംസ്കാരവും രാഷ്ട്രീയവും ആത്മീയതയുമെല്ലാം ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ളവയായിരുന്നു. കവിയും സൂഫി മിസ്റ്റിക്കുമായ മെവ്‌ലാന ജലാലുദ്ദീൻ റൂമിയുടെ പാരമ്പര്യംമൂലമാണ് ഈ നഗരം ആഗോളശ്രദ്ധ നേടിയത്.

         12-ഉം 13-ഉം നൂറ്റാണ്ടുകളിൽ ഈ പ്രദേശം ഭരിച്ചിരുന്ന സെൽജുക് തുർക്കികൾ, അവരുടെ വ്യതിരിക്തമായ വാസ്തുവിദ്യയും സാംസ്കാരികസ്ഥാപനങ്ങളുംകൊണ്ട് മായാത്ത മുദ്രപതിപ്പിച്ചു. കോണ്യയെ ബൗദ്ധികവും ആത്മീയവുമായ ചിന്തകളുടെ ഒരു അഭിവൃദ്ധി പ്രാപിക്കുന്ന നഗരമാക്കി മാറ്റി. അതുകൊണ്ടുതന്നെ കോണ്യ ഒരു വിനോദസഞ്ചാരകേന്ദ്രമായി ഉയർന്നുവരുന്നതിനു വളരെ മുൻപുതന്നെ അവിടേക്കുള്ള സന്ദർശകരുടെ ഒഴുക്ക് ആരംഭിച്ചു. സഞ്ചാരികളും വ്യാപാരികളും അവിടേക്ക് ആകർഷിക്കപ്പെട്ടു.

        മെവ്‌ലാന മ്യൂസിയം എന്നറിയപ്പെടുന്ന റൂമിയുടെ ശവകുടീരം, ആത്മീയവും സാംസ്കാരികവുമായ ഉൾക്കാഴ്ചകൾ തേടുന്ന വിനോദസഞ്ചാരികളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. മെവ്‌ലാനയെ കോണ്യയിലേക്ക് ക്ഷണിച്ച സെൽജുക് സുൽത്താൻ മെവ്‌ലാനയുടെ പിതാവ് മരിച്ചപ്പോൾ തന്‍റെ റോസ് ഗാർഡൻ ഒരു ശവകുടീരമായി നൽകി. 1273 ഡിസംബർ 17-ന് മെവ്‌ലാന മരിച്ചപ്പോൾ അദ്ദേഹത്തെ പിതാവിന്‍റെ അരികിൽ അടക്കംചെയ്തു. 1926 ഏപ്രിൽ 6 ന് അറ്റാത്തുർക്ക് പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം ശവകുടീരവും ഡെർവിഷ് ലോഡ്ജും ഒരു മ്യൂസിയമാക്കി മാറ്റണമെന്ന് തീരുമാനിച്ചു. ഇത് 1954 ൽ മെവ്‌ലാന മ്യൂസിയം എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു. ഇന്നും ചരിത്രപ്രാധാന്യം നൽകിക്കൊണ്ട് മ്യൂസിയത്തിലും പരിസരത്തും പവിത്രമായ അന്തരീക്ഷം നിലനിർത്താൻ ശ്രദ്ധിച്ചിട്ടുമുണ്ട്.

           കോണ്യയിൽ  സ്ഥിതിചെയ്യുന്ന ഒരു ചരിത്രപ്പള്ളിയാണ് എസ്രെഫോഗ്ലു മോസ്‌ക്. പതിമൂന്നാം നൂറ്റാണ്ടിൽ എസ്രെഫോഗ്ലു ബേയാണ് ഇത് നിർമ്മിച്ചത്. അതുകൊണ്ടാകാം ഈ പേരു വന്നത്. മോസ്കിന്‍റെ നിർമ്മാണം മുഴുവനായും തടികൊണ്ടാണ്. മേൽക്കൂരയെ താങ്ങിനിറുത്തുന്ന  49 മരത്തൂണുകൾ. സങ്കീർണ്ണമായ മരപ്പണികളും ടൈലുകൊണ്ടുള്ള അലങ്കാരങ്ങളും ഈ മോസ്കിനെ ശ്രദ്ധേയമാക്കുന്നു.

സെൽജുക്, ഓട്ടോമൻ ശൈലിയിലാണ് നിർമ്മാണം. ഈ പള്ളിയും യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

         സുൽത്താൻഹാനി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പതിമൂന്നാം നൂറ്റാണ്ടിലെ വലുതും പ്രാധാന്യമുള്ളതുമായ ഒരു സെൽജുക് കാരവൻസെറായിയാണ് സുൽത്താൻ ഹാൻ. അക്സരായ് പരിസരത്തുള്ള മൂന്ന് സ്മാരകകാരവൻസെറായികളിൽ ഒന്നാണിത്. എന്താണിത് എന്ന് സംശയം തോന്നാം. സത്യത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള നമ്മുടെ സത്രം. ഇതുപോലൊന്ന് കേരളത്തിൽ ഉണ്ടായിക്കാണില്ല. കാരണം അത്രയേറെപ്പേർക്ക് തങ്ങിപ്പോകാനുള്ള സൗകര്യം അവിടെയുണ്ട്.

          പ്രകൃതിയിലെ ഏറ്റവും മനോഹരമായ അദ്ഭുതങ്ങളിൽ ഒന്നാണ് കപ്പടോക്യയിലെ റെഡ് വാലി. പിങ്ക് കലർന്ന ചെമപ്പുനിറത്തിലുളള അതിശയകരമായ പാറക്കൂട്ടങ്ങൾ. ആയിരക്കണക്കിന് വർഷത്തെ ഭൂമിശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടാണത്രേ ഇവിടം ഇങ്ങനെയായിത്തീര്‍ന്നത്.

ഈ പ്രദേശം അഗ്നിപർവ്വതചാരം അടിഞ്ഞുകൂടി ടഫ് എന്ന് വിളിക്കപ്പെടുന്ന ഒരു നേരിയ സുഷിരങ്ങളുള്ള പാറയായി മാറി. മഴയും കാറ്റും മൃദുവായ പാറയെ ഇല്ലാതാക്കി. അങ്ങനെ ഇന്ന് കാണുന്ന രീതിയിൽ പിങ്കുനിറത്തിലുള്ള പാറക്കെട്ടുകളും ഫെയറി ചിമ്മിനികളും ഉണ്ടായി.

          ഈ മേഖലയിലെ മറ്റൊരു താഴ്‌വരയാണ് പീജിയൺവാലി.      4 കിലോമീറ്റർ നീളമുള്ള ഈ താഴ്‌വരയുടെ ചരിത്രം രസകരമാണ്. 9-ആം നൂറ്റാണ്ടിൽ പ്രാവുകളുടെ പ്രജനനം ആരംഭിച്ച സമയവുമായി ബന്ധപ്പെടുത്തിയാണ് പ്രചരിക്കുന്ന ആ കഥ. മുന്തിരിക്കൃഷിയിൽ പ്രാവുവളമാണ് ഉപയോഗിച്ചിരുന്നത്. ഈ താഴ്വരയിലെ പാറയിൽ ദ്വാരമുണ്ടാക്കി കൂടുകൾ സൃഷ്ടിച്ച് പ്രാവുകളെ ആകർഷിച്ചു. അങ്ങനെ കർഷകത്തൊഴിലാളികള്‍ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചുവത്രേ.

        കപ്പഡോഷ്യയിലെ ഗുഹാഭവനങ്ങൾക്ക് പാലിയോലിത്തിക്ക് കാലഘട്ടംവരെ നീളുന്ന ഒരു ചരിത്രമുണ്ട്. പാറയിൽ കൊത്തിയ ആദ്യവാസസ്ഥലങ്ങൾ. അഗ്നിപർവ്വതസ്ഫോടനങ്ങളും മണ്ണൊലിപ്പുംമൂലം രൂപപ്പെട്ട ഈ പ്രദേശത്തിന്‍റെ അതുല്യമായ ഭൂപ്രകൃതി, ഇത്തരത്തിലുള്ള നിർമ്മിതികൾക്ക് അനുയോജ്യമായ വസ്തുക്കളും പശ്ചാത്തലവും നൽകി. 1960-70 വരെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്ന് ഗൈഡ് പറഞ്ഞെങ്കിലും വിശ്വസിക്കാനാകുന്നില്ല.

അതിനുള്ളിലേക്ക് കയറിയപ്പോൾ കുറെയൊക്കെ ശരിയാണെന്ന് തോന്നി. വിശാലമായ മുറികൾ. എയർ കണ്ടീഷൻ ചെയ്ത മുറികളിൽ കയറുന്നതുപോലെ നല്ല തണുപ്പ്. എന്നാൽ ഇന്ന് ആ മുറികളിലെല്ലാം കടകൾ ഒരുക്കിയിരിക്കുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങൾ ആയതുകൊണ്ടാകാം സാധനങ്ങൾക്കെല്ലാം വലിയ വില. ഒരു ടർക്കിഷ് ചായമാത്രം കുടിച്ച് അവിടെനിന്നിറങ്ങി. യാത്രയിലുടനീളം ഏറ്റവും കൂടുതൽ ആകർഷിച്ച ഭക്ഷണപാനീയം ടർക്കിഷ് ചായതന്നെയാണ്. 70 ലിറ കൊടുത്താൽ 2 ചായ കിട്ടും. ഇടയ്ക്കിടെ ഈ ചായ കുടിക്കുക എല്ലാവരുടെയും ഒരു ആവേശമായിരുന്നു.

         ഓസ്കോനാക് അണ്ടർഗ്രൗണ്ട് സിറ്റിയിലേക്കാണ് ഞങ്ങൾ പോയത്. ഹൃദ്രോഗമുള്ളവരും ശ്വാസംമുട്ടുള്ളവരും ഗർഭിണികളുമൊന്നും കയറരുത് എന്ന് എഴുതിവച്ച ബോർഡു കണ്ടപ്പോൾത്തന്നെ എന്തോ ഒരു പേടി തോന്നി. എന്നാലും എല്ലാവരുടെയും ഒപ്പം കയറി. അതിനുള്ളിൽ നടക്കുക ബുദ്ധിമുട്ടായിരുന്നെങ്കിലും പോയില്ലെങ്കിൽ നഷ്ടമായേനെ എന്ന് പിന്നീട് ചിന്തിച്ചു. ഒരാളിന് പിറകെ മറ്റൊരാൾ അങ്ങനെമാത്രമേ കടക്കാൻ സാധിക്കുകയുള്ളൂ. അതും നേരേ നിവർന്ന് നടക്കാൻ സാധിക്കില്ല. ചില സ്ഥലങ്ങളിൽമാത്രമേ നിവർന്നുനിൽക്കാൻ കഴിയൂ. പുറത്തേക്ക് കടക്കാൻ ഇടയ്ക്ക് വഴികൾ ഉണ്ടെങ്കിലും കയറിക്കഴിഞ്ഞാൽ പുറത്തേക്ക് കടക്കുക പ്രയാസംതന്നെ. വഴിതെറ്റിക്കുന്ന പ്രാചീന കരവിരുത്.

         അപ്രതീക്ഷിതമായാണത്രേ ഒരാൾ ഇങ്ങനെ ഒരു നഗരം ഭൂമിക്കടിയിൽ കണ്ടെത്തിയത്. അയാൾ തന്‍റെ വീടിന്‍റെ നവീകരണപ്രവർത്തനങ്ങൾ നടത്തുമ്പോൾ തറയിൽ ഒരു വിടവ്. അതു വെട്ടിനോക്കുമ്പോള്‍ വലുതായി വലുതായി വരുന്നു. പിന്നെക്കണ്ടത് അദ്‌ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്. ഒരു മുറിയിൽനിന്ന് മറ്റൊരു മുറിയിലേക്ക് അങ്ങനെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുപോകുന്ന മുറികളുടെ എണ്ണം കൂടിക്കൂടി വന്നു. 18 നിലകളുള്ള ഏകദേശം ഇരുപതിനായിരത്തോളം മനുഷ്യർക്ക് താമസിക്കാൻ പറ്റുന്ന തരത്തിലുള്ള വലിയൊരു നഗരം. ഓരോ നിലയിലും അവശ്യം വേണ്ട വായുവും വെളിച്ചവും വെള്ളവും ലഭിക്കുന്ന തരത്തിലായിരുന്നു നിർമ്മിതി എന്നതും ശ്രദ്ധേയമാണ്. 1963 ലാണ് ഈ നഗരകവാടം കണ്ടെത്തിയത്. 69-ൽ ഇതില്‍ കുറച്ചു നിലകള്‍ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

വൈകുന്നേരം ഞങ്ങൾ വീണ്ടും മറ്റൊരു കാരവാൻസെറായിയിലെത്തി. അവിടെ വിനോദസഞ്ചാരികൾക്കായി സൂഫി ഡാൻസ് ഒരുക്കിയിട്ടുണ്ടായിരുന്നു. ആ അനുഷ്ഠാനകല കാണുന്നതിന് ഒരാൾക്ക് 20 ഡോളർവച്ച് കൊടുക്കേണ്ടതുണ്ട്. വ്യത്യസ്ത അർത്ഥങ്ങളുള്ള ഏഴ് ഭാഗങ്ങളായിട്ടാണ് ഈ നൃത്തരൂപത്തെ വിഭജിച്ചിരിക്കുന്നത്.

        ഒന്ന് പ്രവാചകനെയും അദ്ദേഹത്തിന് മുമ്പുള്ള എല്ലാ പ്രവാചകന്മാരെയും സ്തുതിച്ചുകൊണ്ടുള്ള തുടക്കം. രണ്ടാമത് സ്രഷ്ടാവിന്‍റെ ദിവ്യത്വം പ്രകടമാക്കുന്ന രീതിയിൽ ഡ്രം വായിക്കും. മൂന്നാമത് സംഗീതോപകരണത്തിൽ എന്തൊക്കെയോ ഗാനങ്ങൾ മുഴക്കുന്നു. അത് ജീവന്‍റെ ആദ്യശ്വാസത്തെയാണ് കാണിക്കുന്നത്. നാലാമത്തെ ഭാഗം ദേവതകൾ പരസ്പരം അഭിവാദ്യം ചെയ്യുന്നതും പ്രത്യേക സംഗീതത്തോടൊപ്പം അവരുടെ മൂന്നു തവണ ആവർത്തിച്ചുള്ള വൃത്താകൃതിയിലുള്ള നടത്തവുമാണ്. അഞ്ചാമത്തെ ഭാഗം സെമ (ചുഴലിക്കാറ്റ്) ആണ്. അതിൽ നാല് സല്യൂട്ടുകൾ അടങ്ങിയിരിക്കുന്നു. ഓരോന്നിന്‍റെയും അവസാനം ഈശ്വരസൃഷ്ടിയുടെ ഐക്യത്തെ കാണിക്കുന്നു. ആറാമത്തെ ഭാഗത്തിൽ ഖുർആൻ ഉദ്ധരിക്കുകയാണ്. ഏഴാം ഭാഗത്ത് മരിച്ചുപോയവരുടെ ആത്മാവിനുള്ള പ്രാർത്ഥന.

         ദൈവികമായ ചടങ്ങായതു കൊണ്ടാകാം ക്യാമറ ഉപയോഗിക്കരുത് എന്നു പറഞ്ഞെങ്കിലും അവസാനം വീഡിയോ എടുക്കുന്നതിനുവേണ്ടി അവർ വീണ്ടും ചില ചുവടുകൾകൂടി വച്ചു.

        അന്നു രാത്രി ഭക്ഷണം രുചിച്ചത് മറ്റൊരു കാരവാൻസെറായിയില്‍ ടർക്കിഷ് കലാരൂപങ്ങളുടെ അകമ്പടിയോടെയാണ്. കാണികളെ രസിപ്പിക്കുന്നതിനു വേണ്ടി ബെല്ലി ഡാൻസ് അവിടെയും ഒരുക്കിയിട്ടുണ്ടായിരുന്നു.

         കപ്പടോക്യയിലെ ഏറ്റവും മനോഹരമായ കാഴ്ച, അനുഭവം ബലൂൺറൈഡാണെന്നു പറഞ്ഞുവല്ലോ. പക്ഷേ എന്തോ പേടി കാരണം ഞാൻ അതിനു മുതിർന്നില്ല. സാഹസത്തിനു മുതിരേണ്ടാ എന്ന ഭർത്താവിന്‍റെ പേടിപ്പെടുത്തലും. ട്രക്കുകളിൽ ബലൂൺ കൊണ്ടുവന്ന് വായു നിറയ്ക്കുന്നതും അതിൽ രണ്ട് ഗ്യാസ്കുറ്റികളിൽനിന്ന് പുറത്തേക്ക് വരുന്ന തീയും അതില്‍നിന്നുണ്ടാകുന്നചൂടിന്‍റെ ശക്തിയിൽ മുകളിലേക്ക് പോകുന്നതും വല്ലാത്തൊരു അനുഭവമാണ്.

ആദ്യം പറഞ്ഞ റെഡ് വാലിക്കു മുകളിലൂടെയാണ് ബലൂൺയാത്ര. 20 മുതൽ 34 വരെ ആൾക്കാർ കയറുന്ന ബലൂണുകൾ ഉണ്ട്. കയറിയവർ പറയുന്നതു കേട്ടപ്പോൾ എനിക്കും ആകാമായിരുന്നു എന്ന തോന്നൽ ഉണ്ടായി.

എന്തൊക്കെയായാലും കപ്പടോക്യയിലെ ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു.

           അടുത്ത ദിവസം വീണ്ടും ഇസ്താംബുളിലേക്ക് തിരിച്ചു. അബാന്‍റ് താടകക്കരയിൽ ബസ്സ് നിറുത്തി. അതിമനോഹരമായിരുന്നു ദൃശ്യം. തവളകളുടെ പാട്ടാണ് ഞങ്ങളെ വരവേറ്റത്. സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ ദേശീയോദ്യാനം. അബാന്‍റ് തടാകത്തിന്‍റെ തീരങ്ങൾ വിവിധ ജലസസ്യങ്ങളും വാട്ടർ ലില്ലികളുംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഒരു ഭാഗം മുഴുവൻ കുന്നുകൾ. തടാകക്കരയിലുള്ള വൃക്ഷങ്ങൾക്കിടയിലൂടെ നമുക്ക് നടക്കാം.

നിലത്തു മുഴുവൻ മഞ്ഞപ്പരവതാനി വിരിച്ചതുപോലെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. എത്ര നേരം നിന്നാലും സമയം പോകുന്നതറിയില്ല. ടർക്കിഷ്ഭക്ഷണം സ്വാദിഷ്ഠമായിരുന്നു. വളരെ നേർത്ത രീതിയിൽ വിളമ്പിയ പിസയും മറ്റും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് സംശയം തോന്നാം. മീൻ ലഭിക്കാൻ പ്രയാസമാണെങ്കിലും ചിക്കനും മട്ടനും ബീഫുമെല്ലാം സുലഭം.

സസ്യഭുക്കുകൾക്കും പ്രശ്നമില്ല.  അപ്പോൾ തോട്ടത്തിൽനിന്ന് പറിച്ചെടുത്തത് എന്നു തോന്നുന്ന തരത്തിലുള്ള പച്ചക്കറികൊണ്ടുള്ള വിഭവങ്ങളും സാലഡും. ഇംഗ്ലീഷ് അറിയാവുന്നവർ ധാരാളമുള്ളതുകൊണ്ട് ഭാഷയും പ്രശ്നമല്ല. അവിടത്തെ പ്രശസ്തമായ മധുരപലഹാരം ബകലാവയും ടര്‍ക്കിഷ് ഡിലൈറ്റും കേരളീയർക്കും എറെ പ്രിയപ്പെട്ടതാണ്. അതിമനോഹരമായ കാർപ്പെറ്റുകൾ ഉണ്ടാക്കിയെടുക്കുന്നത് കാണാനും പോയിരുന്നു. എങ്ങനെയാണ് പട്ടുനൂൽപ്പുഴുവിൽനിന്ന് നൂലുണ്ടാക്കുന്നതെന്നും അത് എത്ര പ്രയാസപ്പെട്ടാണ് കാർപ്പെറ്റും ചവിട്ടുമെത്തകളുമൊക്കെയായിത്തീരുന്നതെന്നും മനസ്സിലാക്കി.

         അവിടെ കാണാൻ കഴിഞ്ഞ മറ്റൊന്നാണ് ഈവിൾ ഐ. എവിടെച്ചെന്നാലും കാണാം നീലനിറത്തിനുള്ളിൽ കറുത്ത കൃഷ്ണമണിപോലെ ഒന്ന് തൂങ്ങിയാടുന്നത്. കാണാന്‍ രസമുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ടൈലിനൊപ്പം അത് താഴേ ഉറപ്പിച്ചിട്ടുമുണ്ട്. എന്താണെന്ന് ആദ്യം അറിയില്ലായിരുന്നു. കാരണം വർഷങ്ങൾക്കു മുൻപ് ഇതൊരെണ്ണം സമ്മാനമായി ലഭിച്ചിരുന്നു. അന്നതെടുത്ത് അലമാരയ്ക്കുള്ളില്‍ വച്ചു. അവിടെച്ചെന്നപ്പോഴാണ്  അന്ധവിശ്വാസമാണെങ്കിലും അല്ലെങ്കിലും ഒരു രാജ്യത്തെ ജനത മുഴുവൻ ഇത് എത്ര പവിത്രമായി സൂക്ഷിക്കുന്ന ഒന്നാണെന്ന് മനസ്സിലാകുന്നത്. മറ്റുള്ളവരുടെ ദൃഷ്ടി ഏൽക്കാതിരിക്കാനാണ് ഇത് തൂക്കിയിടുന്നതത്രേ. ചെറിയ ഒരെണ്ണത്തിനു 100മുതൽ 150 ലിറവരെ വിലയുണ്ട്.

        നീണ്ട ബസ് യാത്രകളും മടുപ്പുളവാക്കിയില്ല. റോഡിനിരുവശവും നിരനിരയായി കിടക്കുന്ന പാടങ്ങൾ. ഒലീവ് വൃക്ഷങ്ങളും പോമഗ്രേനേറ്റും. ഇവിടെക്കാണുമ്പോലെ വളളികളല്ല,  മറിച്ച് വൃക്ഷങ്ങൾ. അതു നിറയെ ചെമന്നനിറത്തിലുള്ള പൂവ്,  ഈന്തപ്പഴപ്പനകൾ. മാത്രവുമല്ല ഓരോ രണ്ടു മൂന്നു മണിക്കൂറുകൾ കൂടുമ്പോഴും ബസ് അരമണിക്കൂർ നിറുത്തിയിടും. ചായ കുടിക്കാനും ശുചിമുറിയിൽ പോകാനുമൊക്കെയുള്ള സൗകര്യത്തിന്. മറ്റു വിദേശരാഷ്ട്രങ്ങളെപ്പോലെ ടർക്കിയും വൃത്തിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ലിറയാണ് അവിടത്തെ നാണയം. 2.18 രൂപയാണ് 1 ലിറ. ഒരു ഡോളറിന് 27 മുതല്‍ 32 വരെ ലിറ ലഭിക്കും.

          ആദ്യം കാണാൻ സാധിക്കാത്ത ഹാജിയാ സോഫിയ മോസ്കും ഗ്രാൻഡ് ബാസാറുമൊക്കെ കാണാൻ കൂടെയുള്ളവർ പോയെങ്കിലും ഞങ്ങള്‍ക്കു സാധിച്ചില്ല. കാരണം ഒരു ദിവസം മുന്‍പുതന്നെ ഞങ്ങൾ നാട്ടിലേക്കു മടങ്ങി. എയർപോർട്ടിൽ ഇരിക്കുമ്പോൾ ചിന്തിച്ചത് പണ്ടെന്നോ വായിച്ചുമറന്ന തുർക്കിയെക്കുറിച്ചാണ്. തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയൻ പെനിൻസുലയിലും തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് തുർക്കി. തുർക്കിയേ (Turkiye) എന്നാണ് അവിടെയെല്ലാം എഴുതിക്കണ്ടത്. റജബ് ത്വയ്യിബ് ഉർദുഗാൻ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം യു.എൻ ഈ പേര് അംഗീകരിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളിലെല്ലാം ഈ പേരാണുള്ളത്. അവിടെച്ചെന്ന് പലയിടത്തും എഴുതിവച്ചിരിക്കുന്നത് കണ്ടപ്പോഴാണ് ഈ പേരുമാറ്റം എന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തലസ്ഥാനം അങ്കാറ. ഏറ്റവും വലിയ നഗരം ഇസ്താംബുൾ. ഈ രാജ്യത്തിന്‍റെ യൂറോപ്യൻഭാഗങ്ങൾ ത്രേസ് എന്നും ഏഷ്യൻഭാഗങ്ങൾ അനറ്റോളിയ എന്നും അറിയപ്പെടുന്നു. മാർമറ കടൽ, ബോസ്ഫറസ് കടലിടുക്ക്, ഡാർഡനെൽസ് കടലിടുക്ക് എന്നിവയാണ് ഏഷ്യയെയും യൂറോപ്പിനെയുംതമ്മിൽ വേർതിരിക്കുന്നത്. ടർക്കിഷ് ആണ് പ്രധാന ഭാഷയെങ്കിലും കുർദിഷ്, അറബിക് എന്നിവയും സംസാരിക്കുന്നവരുണ്ട്.

          1299 മുതൽ 1923 വരെ ഓട്ടോമൻ സാമ്രാജ്യ ശക്തിയായിരുന്നു അവിടെ നിലനിന്നിരുന്നത്.  മുസ്ലിംസമുദായത്തിന്‍റെ  വിശുദ്ധനഗരങ്ങളായ മക്ക, മദീന, ജെറുസലേം എന്നിവയുടെയും സാംസ്കാരികകേന്ദ്രങ്ങളായിരുന്ന കെയ്‌റോ, ദമാസ്കസ്, ബാഗ്ദാദ് എന്നിവയുടെയുമെല്ലാം നിയന്ത്രണം സ്വന്തമാക്കിയിരുന്ന ഓട്ടൊമൻ സാമ്രാജ്യത്തിന് ഇസ്ലാമികലോകത്തിന്‍റെ സംരക്ഷകൻ എന്ന രീതിയിൽ നേതൃസ്ഥാനംതന്നെ നൽകിയിരുന്നു.

          1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന ഇസ്താംബൂളിന്‍റെ  നിയന്ത്രണം ഏറ്റെടുക്കുകയും ഓട്ടൊമൻ സുൽത്താൻ മെഹ്മെത് ആറാമന്‍റെ  മൗനാനുവാദത്തോടെ നിരവധി പാർലമെന്‍റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്‍റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിച്ചു. തൊട്ടടുത്ത ദിവസം സൈനികനേതാവായ മുസ്തഫ കമാൽ അങ്കാറ കേന്ദ്രീകരിച്ച് ഗ്രാൻഡ് നാഷണൽ അസംബ്ലി എന്ന മറ്റൊരു പാർലമെന്‍റ് രൂപീകരിക്കാൻ നേതൃത്വം നൽകി. 1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻപാർലമെന്‍റ് പിരിച്ചുവിട്ടു. ഓഗസ്റ്റിൽ ഗ്രീക്ക് സേനക്കെതിരെയുള്ള തുർക്കികളുടെ സ്വാതന്ത്ര്യസമരം ഔദ്യോഗികമായി വിജയിച്ചു. ഇത് 1923 ജൂലൈയിൽ തുർക്കികളുടെ സ്വയംഭരണം അംഗീകരിച്ച് ലോസന്ന ഉടമ്പടി ഒപ്പുവക്കാൻ സഖ്യകക്ഷികളെ നിർബന്ധിതരാക്കി.

        അങ്ങനെ ആറു നൂറ്റാണ്ടിലധികം നീണ്ടുനിന്ന ഒട്ടോമൻശക്തി ശിഥിലമായി. മാത്രവുമല്ല 1924 മാർച്ച് 3-ന് മുസ്തഫ കമാലിന്‍റെ  പ്രേരണയിൽ ജി.എൻ.എ. (ഗ്രാന്‍റ് നാഷണൽ അസംബ്ളി) നടപ്പിലാക്കിയ നിയമപ്രകാരം, തുർക്കിയെ ഒരു മതേതരരാഷ്ട്രമാക്കുകയും 1292 വർഷത്തെ പാരമ്പര്യമുള്ള ഖലീഫാസ്ഥാനം അവസാനിപ്പിക്കുകയും ചെയ്തു. ഒട്ടൊമൻ രാജകുടുംബത്തിലെ എല്ലാ അംഗങ്ങളെയും നാടുകടത്തി. ഇങ്ങനെയൊക്കെയാണെങ്കിലും ഒട്ടോമൻ സാംസ്കാരികപൈതൃകം അവിടെ ഇപ്പോഴും നമുക്ക് കാണാൻ സാധിക്കും.

           മറ്റൊരു ദേശത്തേക്ക് പോകുമ്പോൾ ആ സ്ഥലത്തെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ലഭിക്കുന്നത് നമ്മുടെ ഗൈഡിൽനിന്നാണ്. ഞങ്ങൾക്കു ലഭിച്ച ഗൈഡ് ജാസ്മി തുർക്കിയെക്കുറിച്ചുമാത്രമല്ല ഭാരതത്തെക്കുറിച്ചും അറിവുള്ള വ്യക്തിയായിരുന്നു. ഭാരതീയസംസ്കാരത്തെക്കുറിച്ചും അദ്ദേഹം ഇടയ്ക്കിടെ സംസാരിക്കുന്നുണ്ടായിരുന്നു. യാത്രയിൽ ആദ്യന്തം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹം ആര് എന്താവശ്യപ്പെട്ടാലും അതെല്ലാം സാധിച്ചുകൊടുക്കാൻ അങ്ങേയറ്റം പരിശ്രമിച്ചു എന്നുമാത്രമല്ല ഞങ്ങൾ ഓരോരുത്തരുടെയും സുരക്ഷയിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

           അങ്ങനെ ചില മായാത്ത ദൃശ്യങ്ങൾ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ട് തുർക്കീയാത്ര അവസാനിച്ചു. ചരിത്രവും സംസ്കാരവും വാസ്തുവിദ്യയും പ്രകൃതിഭംഗിയും കാലാവസ്ഥയും ഒത്തുചേരുമ്പോൾ നമുക്കു കിട്ടുന്ന ആനന്ദം,  കേട്ടറിഞ്ഞ കാര്യങ്ങൾ നേരിൽ കാണുമ്പോളുള്ള അദ്‌ഭുതം,  ഒത്തുചേരലിന്‍റെ ആഹ്ലാദം ഇതെല്ലാം നിറഞ്ഞതായിരുന്നു ഇപ്രാവശ്യത്തെ യാത്ര എന്നത് നിസ്തർക്കം.

Leave a comment